കേരളത്തിലെ വെള്ളപ്പൊക്കം: മഴയുടെ പ്രശ്നമല്ല, ഒരു സംവിധാനത്തിന്റെ പരാജയം
കേരളത്തിലെ വെള്ളപ്പൊക്കം: മഴയുടെ പ്രശ്നമല്ല, ഒരു സംവിധാനത്തിന്റെ പരാജയം പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. റാന്നി വെള്ളത്തിനടിയിലാണ്.ഈരാറ്റുപേട്ട, പാല, പൂഞ്ഞാർ പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കോട്ടയത്തിന്റെ കിഴക്കൻ മലയോരങ്ങളിലും…

കേരളത്തിലെ വെള്ളപ്പൊക്കം: മഴയുടെ പ്രശ്നമല്ല, ഒരു സംവിധാനത്തിന്റെ പരാജയം പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. റാന്നി വെള്ളത്തിനടിയിലാണ്.
ഈരാറ്റുപേട്ട, പാല, പൂഞ്ഞാർ പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കോട്ടയത്തിന്റെ കിഴക്കൻ മലയോരങ്ങളിലും ഇടുക്കിയിലുടനീളവും ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നാല് പേരെ കാണാതായിട്ടുണ്ട്.
കടലിൽ പോയ ആറു മത്സ്യത്തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 27 വീടുകൾ പൂർണമായും തകർന്നു.
196 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആറായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി.
മലയോരങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇപ്പോൾ ആലപ്പുഴയിലേക്ക് എത്തുകയാണ്. കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ തയ്യാറെടുക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ പരിസ്ഥിതി നിരീക്ഷകൻ ടോണി തോമസ് ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ഏറെ പ്രസക്തമാണ്. കേരളത്തിൽ മഴ ശക്തമാകുമ്പോഴെല്ലാം നമ്മൾ ചോദിക്കുന്നത് ഒരേ ചോദ്യമാണ് “ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണോ?” എന്നാൽ ഉത്തരം അത്ര ലളിതമല്ല.
മഴ കൂടിയോ? അതോ ദുരന്തങ്ങളോ?
കഴിഞ്ഞ നൂറിലേറെ വർഷത്തിനിടെ കേരളത്തിലെ വാർഷിക മഴ വർധിച്ചിട്ടില്ല. ചെറിയ തോതിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ജനങ്ങളുടെ ഓർമ്മയിൽ പതിഞ്ഞിരിക്കുന്നത് 2018-ലെ മഹാപ്രളയം, 2019-ലെ പ്രളയം, 2020-ലെ പെട്ടിമുടി ദുരന്തം, 2021-ലെ ഉരുൾപൊട്ടലുകൾ, 2024-ലെ വയനാട് ദുരന്തം, ഇപ്പോൾ 2026-ലെ പ്രളയഭീഷണി എന്നിവയാണ്. വാർഷിക മഴ കുറയുമ്പോഴും ദുരന്തങ്ങൾ വർധിക്കുന്നുവെങ്കിൽ പ്രശ്നം മഴയിൽ മാത്രമല്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു.
വെള്ളപ്പൊക്കം ഒരു പ്രകൃതിദുരന്തമാണെങ്കിലും അതിന്റെ തീവ്രത പലപ്പോഴും മനുഷ്യനിർമിത സംവിധാനങ്ങളുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. മാറിയത് മഴയുടെ അളവല്ല, സ്വഭാവം മുമ്പ് മൺസൂൺ മഴ നാല് മാസങ്ങളിലായി ഇടവിട്ട് ലഭിക്കുമായിരുന്നു.
മണ്ണിന് വെള്ളം ആഗിരണം ചെയ്യാനും ഭൂഗർഭജലനിരപ്പ് ഉയരാനും സമയം ലഭിച്ചിരുന്നു. ഇന്ന് മഴ ലഭിക്കുന്ന ദിവസങ്ങൾ കുറയുകയാണ്.
എന്നാൽ മഴ പെയ്യുന്ന ദിവസങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ചിലപ്പോൾ ഒരു മാസത്തിൽ ലഭിക്കേണ്ട മഴയുടെ വലിയൊരു ഭാഗം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെ പെയ്തിറങ്ങുന്നു.
ഇതിന് പിന്നിൽ ശാസ്ത്രീയമായ കാരണമുണ്ട്. അന്തരീക്ഷം ചൂടാകുമ്പോൾ കൂടുതൽ ജലബാഷ്പം സംഭരിക്കാൻ കഴിയും.
അതിനാൽ ന്യൂനമർദ്ദങ്ങളും കാലാവസ്ഥാ സംവിധാനങ്ങളും രൂപപ്പെടുമ്പോൾ അതിതീവ്ര മഴയ്ക്കുള്ള സാധ്യത വർധിക്കുന്നു. വെള്ളപ്പൊക്കം തുടങ്ങുന്നത് പശ്ചിമഘട്ടത്തിൽ (Western Ghats Catchment) കേരളത്തിലെ വെള്ളപ്പൊക്കം നദികളിൽ നിന്നല്ല, മറിച്ച് പശ്ചിമഘട്ടത്തിലെ ജലസംഭരണ മേഖലകളിൽ നിന്നാണ് ആരംഭിക്കുന്നത്.
മഴ ആദ്യം വീഴുന്നത് മലനിരകളിലാണ്. സ്വാഭാവിക സാഹചര്യത്തിൽ വനങ്ങളും മണ്ണും മഴവെള്ളം പതുക്കെ താഴേക്ക് വിടും.
എന്നാൽ റോഡുകൾ, ക്വാറികൾ, മലമുറിക്കൽ, വനനശീകരണം, ജലവഴികളുടെ തടസ്സം എന്നിവ കാരണം മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാതെ നേരിട്ട് ചെറുതോടുകളിലേക്കും പിന്നീട് നദികളിലേക്കും ഒഴുകുകയാണ്. അതിനാൽ മഴ പെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യം രൂപപ്പെടുന്നു.
Photo : Tony Thomas നഷ്ടപ്പെട്ട പ്രകൃതിദത്ത ജലസംഭരണികൾ (Natural Water Storage) നെൽപ്പാടങ്ങൾ കൃഷിഭൂമികൾ മാത്രമല്ല; വലിയ പ്രകൃതിദത്ത ജലസംഭരണികളുമാണ്. 1975-ൽ കേരളത്തിൽ ഏകദേശം 8.76 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളുണ്ടായിരുന്നു.
ഇന്ന് അത് ഏകദേശം രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങി. വേമ്പനാട് ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളുടെയും സംഭരണശേഷി കുറഞ്ഞു.
അതിന്റെ ഫലം വ്യക്തമാണ്. മഴവെള്ളം താൽക്കാലികമായി സംഭരിക്കാനുള്ള സ്ഥലം കുറഞ്ഞതിനാൽ കൂടുതൽ വെള്ളം ഒരേസമയം നദികളിലേക്ക് എത്തുന്നു.
ഇതാണ് വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാനം. കോൺക്രീറ്റ് കേരളവും മഴവെള്ളവും (Surface Runoff) ഒരുകാലത്ത് വീടുകളുടെ മുറ്റത്ത് വീണ മഴ മണ്ണിലേക്ക് ഇറങ്ങുമായിരുന്നു.
ഇന്ന് കോൺക്രീറ്റ്, ടൈൽ, ഇന്റർലോക്ക് എന്നിവയാണ് കൂടുതലും. അതിനാൽ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ റോഡുകളിലേക്കും ഓടകളിലേക്കും ഒഴുകുകയാണ്.
ഇത് ഒരു വീട്ടിലെ മാറ്റമല്ല. ലക്ഷക്കണക്കിന് വീടുകളിൽ സംഭവിച്ച മാറ്റമാണ്.
കേരളത്തിന്റെ നദികളുടെ പ്രത്യേകത കേരളത്തിലെ നദികൾ ഇന്ത്യയിലെ മറ്റ് വലിയ നദികളെപ്പോലെയല്ല. പശ്ചിമഘട്ടത്തിൽ നിന്ന് വെറും 80 മുതൽ 100 കിലോമീറ്റർ മാത്രം സഞ്ചരിച്ചാണ് മിക്ക നദികളും കടലിൽ പതിക്കുന്നത്.
അതിനാൽ മലയിൽ മഴ പെയ്താൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെള്ളം താഴ്ന്ന പ്രദേശങ്ങളിലെത്തും. ഇപ്പോൾ റോഡുകളും കോൺക്രീറ്റ് ഉപരിതലങ്ങളും കാരണം വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒരേ സമയത്ത് നദികളിലെത്തുന്നു.
ഇതോടെ ജലനിരപ്പ് അതിവേഗം ഉയരുന്നു. കടലിലേക്കുള്ള ഒഴുക്കും വെല്ലുവിളികളും നദിയിലെത്തിയ വെള്ളം വേഗത്തിൽ കടലിലെത്തണം.
എന്നാൽ അവിടെയും പ്രശ്നങ്ങളുണ്ട്. നദികളിൽ എക്കൽ അടിയുന്നു.
നദീമുഖങ്ങളിൽ ചെളി അടിഞ്ഞുകൂടുന്നു. കനാലുകളുടെ ആഴം കുറയുന്നു.
തോട്ടപ്പള്ളി സ്പിൽവേ പോലുള്ള പ്രധാന ജലപാതകൾ രൂപകൽപ്പന ചെയ്ത ശേഷിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. മുകളിലെ മലകളിൽ നിന്ന് അതിവേഗം വരുന്ന വെള്ളവും താഴേക്ക് മന്ദഗതിയിൽ ഒഴുകുന്ന വെള്ളവും ഒന്നിക്കുമ്പോൾ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകുന്നു.
ഓരോ വെള്ളപ്പൊക്കത്തിനുശേഷവും നമ്മൾ ചോദിക്കുന്നത് എത്ര മഴ പെയ്തു എന്നതാണ്. പക്ഷേ ചോദിക്കേണ്ടത് ചോദ്യങ്ങൾ ഇങ്ങനെയാണ്: * മഴവെള്ളം എത്ര വേഗത്തിൽ നദിയിലെത്തി?
* നദിക്ക് ആ വെള്ളം വഹിക്കാൻ ശേഷിയുണ്ടായിരുന്നോ? * കനാലുകൾ പ്രവർത്തിച്ചിരുന്നോ?
* നദീമുഖങ്ങൾ തുറന്നിരുന്നോ? * തണ്ണീർത്തടങ്ങളും നെൽപ്പാടങ്ങളും വെള്ളം പിടിച്ചുനിർത്തിയോ?
* അണക്കെട്ടുകളിൽ ആവശ്യമായ സംഭരണശേഷി ഉണ്ടായിരുന്നോ? ഇവയാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.
പുത്തൻ ആശയം നെതർലൻഡ്‌സിലെ Room for the River പദ്ധതിയും ചൈനയിലെ Sponge Cities ആശയവും ഒരു പുതിയ ചിന്തയാണ് മുന്നോട്ടുവയ്ക്കുന്നത്. മഴവെള്ളം എത്ര വേഗത്തിൽ പുറത്തേക്ക് കളയാം എന്നതല്ല ലക്ഷ്യം.
മറിച്ച് എത്രത്തോളം വെള്ളം ഭൂമിയിൽ തന്നെ താൽക്കാലികമായി പിടിച്ചുനിർത്താൻ കഴിയും എന്നതാണ് പ്രധാന സമീപനം. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും കുളങ്ങളും സംരക്ഷിക്കുന്നത് അതുകൊണ്ടുതന്നെ വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമാണ്.
നഗരവെള്ളപ്പൊക്കം (Urban Flooding) കൊച്ചിയിലോ തിരുവനന്തപുരത്തോ കോഴിക്കോട് നഗരത്തിലോ വെള്ളം കയറാൻ നദികൾ കരകവിഞ്ഞൊഴുകണമെന്നില്ല. ചില മണിക്കൂറുകൾ ശക്തമായി മഴ പെയ്താൽ പോലും റോഡുകൾ വെള്ളത്തിനടിയിലാകുന്നു.
കാരണം മഴയല്ല; മഴവെള്ളം ഒഴുകിപ്പോകേണ്ട തോടുകളും കനാലുകളും ഇല്ലാതായതാണ്. കൈയേറ്റം, മാലിന്യം, അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനം എന്നിവയാണ് നഗരവെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങൾ.
പ്രശ്‌നം അണകെട്ടോ? ഓരോ പ്രളയത്തിനുശേഷവും അണക്കെട്ട് തുറന്നതാണോ പ്രശ്നമെന്ന് ചർച്ചയാകാറുണ്ട്.
എന്നാൽ യഥാർത്ഥ ചോദ്യം മഴ തുടങ്ങുന്നതിന് മുമ്പ് അണക്കെട്ടിൽ എത്ര സംഭരണശേഷി ഉണ്ടായിരുന്നുവെന്നാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് അണക്കെട്ടുകൾ നിയന്ത്രിക്കുന്നത് കലണ്ടർ നോക്കിയല്ല.
മഴ പ്രവചനം, നദിയിലെ ഒഴുക്ക്, മണ്ണിലെ ഈർപ്പം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള Rule Curve സംവിധാനങ്ങളിലൂടെയാണ്. പ്രളയത്തിന് ശേഷം സാമ്പത്തിക നഷ്ട്ടം ഓരോ വെള്ളപ്പൊക്കത്തിനുശേഷവും കേരളം ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടപരിഹാരത്തിനും പുനർനിർമാണത്തിനുമായി ചെലവഴിക്കുന്നത്.
അതിന്റെ ചെറിയൊരു ഭാഗമെങ്കിലും നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, കനാലുകൾ, മഴവെള്ള നിർവഹണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ചെലവഴിച്ചാൽ ഭാവിയിലെ ദുരന്തനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും. പുതിയ പദ്ധതികളേക്കാൾ പ്രധാനമാണ് പരിപാലനം വെള്ളപ്പൊക്ക നിയന്ത്രണം പുതിയ പദ്ധതികൾ നിർമ്മിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല.
* കനാലുകളുടെ വാർഷിക ശുചീകരണം * നദീമുഖങ്ങളിൽ അടിഞ്ഞ ചെളി നീക്കം * ഓടകളുടെ പരിപാലനം * പാലങ്ങൾക്കും കലുങ്കുകൾക്കും കീഴിലെ തടസ്സങ്ങൾ നീക്കം, ഇവ പലപ്പോഴും വലിയ പദ്ധതികളേക്കാൾ ഫലപ്രദമായ ഇടപെടലുകളാണ്. കേരളം ചോദിക്കേണ്ട ചോദ്യങ്ങൾ * തോട്ടപ്പള്ളി സ്പിൽവേയുടെ ശേഷി പൂർണമായി വീണ്ടെടുത്തിട്ടുണ്ടോ?
* വേമ്പനാട് കായലിന്റെ സംഭരണശേഷി വർധിപ്പിച്ചിട്ടുണ്ടോ? * പ്രധാന കനാലുകൾ എത്ര വർഷം കൂടുമ്പോഴാണ് ശാസ്ത്രീയമായി ഡ്രഡ്ജ് ചെയ്യുന്നത്?
* മഴ തുടങ്ങുന്നതിന് മുമ്പ് എത്ര കിലോമീറ്റർ തോടുകളും ഓടകളും വൃത്തിയാക്കുന്നു? * പുതിയ റോഡുകളും ദേശീയപാതകളും നിർമ്മിക്കുമ്പോൾ മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പഠിക്കുന്നുണ്ടോ?
വെള്ളപ്പൊക്കം ഒരു സാമൂഹിക പ്രശ്നം (Social Vulnerability) വെള്ളപ്പൊക്കം എല്ലാവരെയും ഒരുപോലെ ബാധിക്കുന്നില്ല. മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കടൽനിരപ്പിന് താഴെയുള്ള കുട്ടനാട് പോലുള്ള പ്രദേശങ്ങളിലെ ജനങ്ങളും കൂടുതൽ അപകടസാധ്യത നേരിടുന്നു.അതുകൊണ്ട് വെള്ളപ്പൊക്കം ഒരു ജലശാസ്ത്ര പ്രശ്നം മാത്രമല്ല; അത് സാമൂഹികവും സാമ്പത്തികവുമായ പ്രശ്നവുമാണ്.
കേരളത്തിൽ വെള്ളം ഒരൊറ്റ വകുപ്പിന്റെ ഉത്തരവാദിത്വമല്ല. ജലസേചനം, തദ്ദേശസ്വയംഭരണം, റവന്യൂ, വനം, പൊതുമരാമത്ത്, വൈദ്യുതി, ദുരന്തനിവാരണം തുടങ്ങി നിരവധി വകുപ്പുകൾ ഓരോ ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.
പക്ഷേ മഴയ്ക്ക് വകുപ്പുകളില്ല. ഒരു നദീതടത്തെ മുഴുവനായി കാണുന്ന River Basin Management സമീപനം ശക്തിപ്പെടുത്താതെ ദീർഘകാല പരിഹാരം കണ്ടെത്തുക പ്രയാസമാണ്.
കേരളത്തിന്റെ പ്രശ്നം പുതിയ മൺസൂണല്ല. പഴയ മഴയെ നേരിടാൻ കഴിയാതെ പോയ പുതിയ കേരളമാണ്.
വെള്ളപ്പൊക്കം തുടങ്ങുന്നത് ആകാശത്താണ്. എന്നാൽ അത് ദുരന്തമാകുന്നത് ഭൂമിയിലെ നമ്മുടെ തീരുമാനങ്ങളിലൂടെയാണ്.
അതിനാൽ കേരളത്തിന്റെ ചർച്ചയുടെ കേന്ദ്രബിന്ദു “എത്ര മഴ പെയ്തു?” എന്നതല്ല, “വീണ മഴയെ കേരളം എങ്ങനെ കൈകാര്യം ചെയ്യുന്നു?” എന്നതായിരിക്കണം. കാരണം വെള്ളപ്പൊക്കം ഒരു മഴയുടെ പ്രശ്നമല്ല, അത് ജലനിർവഹണത്തിന്റെയും ഭൂവിനിയോഗത്തിന്റെയും നഗരാസൂത്രണത്തിന്റെയും ഭരണസംവിധാനത്തിന്റെയും സംയുക്ത പരീക്ഷണമാണ്.
English Summary : While extreme rainfall events in Kerala are frequently attributed solely to climate change, a deeper analysis reveals that the severity of recurrent flooding stems from human intervention, faulty land-use policies, and systematic drainage failure. Despite a slight historical decrease in total annual rainfall, the impact of heavy precipitation has intensified into catastrophic events.
Comments (0)