തെരുവുനായ ആക്രമണം; പൂക്കാട് രണ്ടുപേർക്ക് കടിയേറ്റു
ചേമഞ്ചേരി: ചേമഞ്ചേരി പൂക്കാട് തുവ്വപ്പാറ റോഡിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിയിട്ടായിരുന്നു സംഭവം. ടൂവീലറിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറെ വളപ്പിൽ ഉണ്ണികൃഷ്ണനെയും റോഡിലൂടെ കാൽനടയായി…
ചേമഞ്ചേരി: ചേമഞ്ചേരി പൂക്കാട് തുവ്വപ്പാറ റോഡിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിയിട്ടായിരുന്നു സംഭവം. ടൂവീലറിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറെ വളപ്പിൽ ഉണ്ണികൃഷ്ണനെയും റോഡിലൂടെ കാൽനടയായി പോകുകയായിരുന്ന സുനാമി കോളനിയിൽ താമസിക്കുന്ന ചന്ദ്രനെയുമാണ് തെരുവുനായ കടിച്ചത്.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ചേമഞ്ചേരി പഞ്ചായത്തിലെ 21, 1 വാർഡുകളിലെ വിവിധ റോഡുകളിലും ഇടവഴികളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളുടെ കൂട്ടമായുള്ള സഞ്ചാരം കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇതുവഴി യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയാണ്.
തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തെരുവുനായയുടെ കടിയേറ്റവർക്ക് ആവശ്യമായ തുടർചികിത്സയും അർഹമായ ചികിത്സാ സഹായവും ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Comments (0)