ആൾ അകത്തുണ്ടെന്നത് മറന്ന് ശൗചാലയം പൂട്ടി കെയർടേക്കർ വീട്ടിലേക്ക്; യാത്രക്കാരനെ കാത്ത് അവസാന മലയോര ബസ്

Stand Bus നീലേശ്വരം: ശൗചാലയത്തിനുള്ളിൽ യാത്രക്കാരൻ കയറിയത് അറിയാതെ കെയർടേക്കർ വാതിൽ പൂട്ടി വീട്ടിലേക്ക് മടങ്ങിയതോടെ നീലേശ്വരം നഗരസഭാ ബസ്‌സ്റ്റാൻഡിൽ അൽപനേരം ആശങ്ക. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ശൗചാലയത്തിൽ കുടുങ്ങിയ യാത്രക്കാരനെ കാത്ത്…


Stand Bus

നീലേശ്വരം: ശൗചാലയത്തിനുള്ളിൽ യാത്രക്കാരൻ കയറിയത് അറിയാതെ കെയർടേക്കർ വാതിൽ പൂട്ടി വീട്ടിലേക്ക് മടങ്ങിയതോടെ നീലേശ്വരം നഗരസഭാ ബസ്‌സ്റ്റാൻഡിൽ അൽപനേരം ആശങ്ക. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ശൗചാലയത്തിൽ കുടുങ്ങിയ യാത്രക്കാരനെ കാത്ത് 8.10ന് കൊന്നക്കാട് പോകേണ്ട അവസാന മലയോര ബസും കാത്തുനിന്നു. ഒടുവിൽ കെയർടേക്കർ തിരിച്ചെത്തി ശൗചാലയം തുറന്നതോടെയാണ് യാത്രക്കാരനെ പുറത്തിറക്കിയത്.

നാട്ടിലേക്ക് മടങ്ങുന്നതിനായി 8.10ന്റെ കൊന്നക്കാട് ബസ് പിടിക്കേണ്ട യാത്രക്കാരൻ തിടുക്കത്തിൽ നഗരസഭാ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ ശൗചാലയത്തിലെത്തുകയായിരുന്നു. കെയർടേക്കർ ഇയാളിൽനിന്ന് പണം വാങ്ങി ശൗചാലയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, യാത്രക്കാരൻ അകത്തുണ്ടെന്ന കാര്യം ഓർക്കാതെ കെയർടേക്കർ ശൗചാലയം പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

സാധാരണയായി രാത്രി എട്ടിനോടെയാണ് ശൗചാലയം പൂട്ടാറുള്ളതെന്നാണ് കെയർടേക്കർ പറഞ്ഞത്. എന്നാൽ, മകന് സുഖമില്ലെന്നറിയിച്ച് വീട്ടിൽനിന്ന് ഫോൺ വന്നതിനാലാണ് അന്ന് പെട്ടെന്ന് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് പോയതെന്നും ലൈറ്റ് അണഞ്ഞ സമയത്തും അകത്തുനിന്ന് ആളനക്കം കേട്ടില്ലെന്നും കെയർടേക്കർ വ്യക്തമാക്കി.

വീട്ടിലെത്തിയശേഷം ബസ്‌സ്റ്റാൻഡിലെ ബസ് ഏജന്റ് കെ. മോഹനൻ വിളിച്ചപ്പോഴാണ് സംഭവിച്ച അബദ്ധം കെയർടേക്കർ മനസ്സിലാക്കിയത്. ഇതിനിടെ ശൗചാലയത്തിൽ കുടുങ്ങിയ യാത്രക്കാരൻ അടിയന്തര സേവന നമ്പറായ 112ൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. തുടർന്ന് നീലേശ്വരം പോലീസും സ്ഥലത്തെത്തി.

സംഭവമറിഞ്ഞതോടെ ബസ്‌സ്റ്റാൻഡിൽ ആളുകളും കൂട്ടംകൂടി. യാത്രക്കാരനെ പുറത്തിറക്കുന്നതിനായി 8.10ന് പുറപ്പെടേണ്ട അവസാന മലയോര ബസും കാത്തുനിന്നു. അയൽവാസിയുടെ ഇരുചക്രവാഹനത്തിൽ കിതച്ചെത്തിയ കെയർടേക്കർ ശൗചാലയം തുറന്ന് യാത്രക്കാരനെ പുറത്തിറക്കി. യാത്രക്കാരനെയും കയറ്റിയ ശേഷമാണ് ബസ് യാത്ര തുടർന്നത്. ഇതോടെ ആശങ്കയ്ക്ക് വിരാമമായി.

Stand Bus

Comments (0)