ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് മർദിച്ചുവെന്നും പരിക്കുകളോടെ റോഡരികിൽ ഉപേക്ഷിച്ചുവെന്നും സി.പി.എം

ന്യൂഡൽഹി: എസ്.ഐ.ആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്തെ ജന്തർമന്തറിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിവരുന്ന പ്രതിഷേധത്തിനിടെ രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിനെ ഡൽഹി…

ന്യൂഡൽഹി: എസ്.ഐ.ആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്തെ ജന്തർമന്തറിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിവരുന്ന പ്രതിഷേധത്തിനിടെ രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് മർദിച്ചുവെന്നും പരിക്കുകളോടെ റോഡരികിൽ ഉപേക്ഷിച്ചുവെന്നും സി.പി.എം. സി.പി.എമ്മിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ സഹിതം ഈ ആരോപണം പുറത്തുവിട്ടത്. ഡൽഹി പോലീസ് എല്ലാ അതിരുകളും ലംഘിച്ചുവെന്നാണ് എക്സ് പോസ്റ്റിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്.എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന എം.പിയെ മറ്റൊരാൾ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നീട് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അദ്ദേഹത്തെ ഓട്ടോറിക്ഷയിലേക്ക് കയറ്റിവിടുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ എം.പിക്ക് എവിടെ വെച്ചാണ് പരിക്കേറ്റതെന്ന കാര്യത്തിൽ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ജന്തർമന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരിൽ ജോൺ ബ്രിട്ടാസും ഉൾപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ചയും ജോൺ ബ്രിട്ടാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് മുൻ മുഖ്യമന്ത്രിമാർ അടക്കം 7,000-ത്തോളം പേരെയാണ് ശനിയാഴ്ച മാത്രം ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്

Comments (0)