നെടുമ്പാശ്ശേരി കാർ അപകടം: പ്രധാന പ്രതി സുഹൈൽ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് (19) ഉൾപ്പെടെ നാല് പ്രതികളെയും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് (19) ഉൾപ്പെടെ നാല് പ്രതികളെയും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
നാളെ വൈകിട്ട് 5 മണി വരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.
അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മരിച്ചവരും സ്വപ്നങ്ങളുള്ള ചെറുപ്പക്കാരായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ പോലീസിന്റെ ഗൂഢാലോചനാ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് പ്രതിഭാഗം വാദിച്ചു. ദൗർഭാഗ്യകരമായ വാഹനാപകടം മാത്രമാണെന്നും മനഃപൂർവ്വമായ നരഹത്യയുടെ വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
കസ്റ്റഡി കാലയളവിൽ പ്രതികളെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. അപകട ദിവസം സുഹൈലും സംഘവും സന്ദർശിച്ച പാലാരിവട്ടം, വൈറ്റില, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ ബാറുകളിലും തെളിവെടുപ്പ് നടത്തും.
സുഹൈൽ മദ്യപിച്ചിരുന്നു എന്ന കാര്യം ആദ്യ എഫ്ഐആറിൽ ഒഴിവാക്കിയത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. എന്നാൽ തുടർന്ന് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമായി ഉൾപ്പെടുത്തി. ആലുവ റൂറൽ എസ്പി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)