ഷിഗെല്ല: വടകരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വടകരയില്‍ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമായി കെ.കെ. രമ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ…




വടകരയില്‍ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമായി കെ.കെ. രമ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. 


സ്‌കൂളുകളില്‍ ശുചിത്വവും സുരക്ഷിതമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കുക, കുട്ടികള്‍ക്കിടയില്‍ രോഗപ്രതിരോധ ബോധവല്‍ക്കരണം ശക്തമാക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ നല്‍കി. രോഗവ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ അടിയന്തരമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.


അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ഒഞ്ചിയം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. അനിത, ചോറോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി. അനുശ്രീ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെറിയാന്‍, ഡി.എം.ഒ ഡോ. രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍, ഡോ. അബ്ദുള്‍ നസീര്‍, ഡോ. ഡെയ്‌സി ഗോരെ, എ.ഇ.ഒമാരായ സുനില്‍, സപ്ന ജൂലിയറ്റ്, എന്നിവര്‍ പങ്കെടുത്തു.

Comments (0)