തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കൂത്താളിയിൽ പ്രതിഷേധം

കൂത്താളി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കൂത്താളിയിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം വടകര എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
“ഗോഡ്സെയയുടെ തോക്കിനേക്കാൾ വലുതല്ല നിങ്ങളുടെ ഒപ്പ്” എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതുൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. നിരവധി സ്ത്രീകൾക്ക് മികച്ച വരുമാന മാർഗമാണ് തൊഴിലുറപ്പ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പരാമർശവും ഷാഫി പറമ്പിൽ പ്രസംഗത്തിൽ പരാമർശിച്ചു. മൻമോഹൻ സിങ് സംസാരിക്കുമ്പോൾ ലോകം മുഴുവൻ അത് ശ്രദ്ധിക്കുമെന്നായിരുന്നു ഒബാമയുടെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ അത്ഭുതപ്പെടുത്തിയ വിപ്ലവകരമായ തീരുമാനമായിരുന്നു തൊഴിലുറപ്പ് പദ്ധതിയെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹ്ലിയ, “ഗാന്ധി ഒരു വ്യക്തിയല്ല, കോടിക്കണക്കിന് ആളുകൾ നെഞ്ചിലേറ്റിയ ആശയമാണ്. ആ ആശയത്തെ ഇല്ലാതാക്കാൻ സംഘപരിവാറിന് കഴിയില്ല” എന്ന് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടിക്ക് തുടക്കമിട്ടത്. തുടർന്ന് ഷാഫി പറമ്പിൽ എം.പിയെയും ഫാത്തിമ തഹ്ലിയ എം.എൽ.എയെയും കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, തണ്ടോറ ഉമ്മർ, കെ. മധുകൃഷ്ണൻ, വി.വി. രാജേഷ്, മോഹൻദാസ് ഓണിയിൽ, ഇ.ടി. സത്യൻ, സി.കെ. ബാലൻ, പി.കെ. ശ്രീധരൻ, എൻ.കെ. കുഞ്ഞബ്ദുള്ള, പി.സി. രാധാകൃഷ്ണൻ, മഹിമ രാഘവൻ നായർ എന്നിവർ സംസാരിച്ചു. ഐശ്വര്യ നാരായണൻ നന്ദി പറഞ്ഞു.
Comments (0)