മസ്ജിദുൽ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

മക്ക: വിശുദ്ധ മസ്ജിദുൽ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി (51) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ സുബ്ഹി ബാങ്ക് വിളിക്ക് പിന്നാലെയായിരുന്നു അന്ത്യം. ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ പള്ളിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അവസാനത്തെ ബാങ്ക്…

മക്ക: വിശുദ്ധ മസ്ജിദുൽ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി (51) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ സുബ്ഹി ബാങ്ക് വിളിക്ക് പിന്നാലെയായിരുന്നു അന്ത്യം. ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ പള്ളിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അവസാനത്തെ ബാങ്ക് വിളി കൂടിയായിരുന്നു അത്.

മസ്ജിദുൽ ഹറമിലെ 24 പ്രധാന മുഅദ്ദിൻമാരിൽ ഒരാളായിരുന്നു ശൈഖ് ഇബ്രാഹിം. സുബ്ഹി ബാങ്ക്, തക്ബീർ, ഇമാമിന് പിറകിൽ നിന്നുള്ള തബ്ലീഗ് എന്നിവയിലൂടെ പ്രശസ്തനായിരുന്നു.

1976-ൽ മദീനയിൽ ജനിച്ച ശൈഖ് ഇബ്രാഹിം, ഖുർആൻ മനഃപാഠമാക്കിയിരുന്ന മുത്തച്ഛന്റെ സ്വാധീനത്തിലാണ് വളർന്നത്. പിന്നീട് ഖുർആൻ പഠനത്തിൽ അക്കാദമിക് യോഗ്യത നേടി. 15-ാം വയസ്സിൽ മദീനയിലെ ഒരു പ്രാദേശിക പള്ളിയിൽ മുഅദ്ദിനായാണ് സേവനം തുടങ്ങിയത്.

അധ്യാപന ജോലികൾക്കായി കുറച്ചുകാലം വിട്ടുനിന്ന ശേഷം ഹിജ്റ 1428-ൽ മദീനയിലെ മസ്ജിദ് അൽ മദ്ദാഹിൽ വീണ്ടും മുഅദ്ദിനായി. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറമിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കുകയും ഹിജ്റ 1439-ൽ (2017-18) ഹറമിലെ മുഅദ്ദിനായി ഔദ്യോഗികമായി നിയമിക്കപ്പെടുകയും ചെയ്തു.

പിതാവിനൊപ്പം മക്ക സന്ദർശിച്ച കാലത്ത് മസ്ജിദുൽ ഹറമിലെ മുൻ മുഅദ്ദിൻ ശൈഖ് അബ്ദുൽ ലത്തീഫ് മുല്ലയുമായുള്ള പരിചയം, മക്കയിലെ പരമ്പരാഗത ബാങ്ക് ശൈലിയെ അടുത്തറിയാൻ സഹായിച്ചതായി റിപ്പോർട്ടുകളുണ്ട്.

ജനാസ നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം മസ്ജിദുൽ ഹറമിൽ നടക്കും. തുടർന്ന് ചരിത്രപ്രസിദ്ധമായ ജന്നത്തുൽ മുഅല്ല ഖബർസ്ഥാനിൽ ഖബറടക്കും.

Comments (0)