സ്പീക്കറുടെ സ്റ്റാഫാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
പൊന്നാനി: കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കോതകുറുശ്ശി കൂമുളംകാട്ടിൽ വീട്ടിൽ മുഹമ്മദ് അലി (40) ആണ് അറസ്റ്റിലായത്. സെക്രട്ടേറിയറ്റിൽ…
പൊന്നാനി: കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കോതകുറുശ്ശി കൂമുളംകാട്ടിൽ വീട്ടിൽ മുഹമ്മദ് അലി (40) ആണ് അറസ്റ്റിലായത്.
സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയും എം.എൽ.എ ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിരുന്ന പ്രതി, താൻ നിയമസഭാ സ്പീക്കറുടെ സ്റ്റാഫ് അംഗമാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ജോലിയുടെ പേരിൽ പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് പരാതി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാൻ പ്രതി തയ്യാറാവാതിരിക്കുകയും ചെയ്തതോടെ പൊന്നാനി സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കെതിരെ പൂന്തുറ, ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊന്നാനി എസ്.എച്ച്.ഒ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ സീനിയർ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർ വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)