പന്നിത്തടത്ത് ലോറി കാറിലിടിച്ച് അപകടം; മലപ്പുറം സ്വദേശികളടക്കം ഏഴ് പേർക്ക് പരിക്ക്

കുന്നംകുളം: പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്ക്. കാർ യാത്രികരായ മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22), റിഫാൻ (20), സിനാൻ (21), മുഹ്സിൻ (22), ബിഷർ (22) എന്നിവർക്കും ലോറി ഡ്രൈവർ വൈപ്പിൻ ചെറായി…

കുന്നംകുളം: പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്ക്. കാർ യാത്രികരായ മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22), റിഫാൻ (20), സിനാൻ (21), മുഹ്സിൻ (22), ബിഷർ (22) എന്നിവർക്കും ലോറി ഡ്രൈവർ വൈപ്പിൻ ചെറായി സ്വദേശി ഇക്ബാലിനും സഹായി വൈപ്പിൻ സ്വദേശി ഷംസുവിനുമാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി 11.20-ഓടെയായിരുന്നു അപകടം. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയും അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡും ചേരുന്ന ഭാഗമാണ് പന്നിത്തടം. വൈപ്പിനിൽ നിന്ന് മത്സ്യവുമായി ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന ലോറി എറണാകുളത്ത് നിന്ന് ബൈപാസ് വഴി മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ വൈദ്യുത പോസ്റ്റ് തകർത്ത് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി പൂർണമായി തകർന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. പലരുടെയും പരിക്ക് ഗുരുതരമാണ്.

ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകട സമയത്ത് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

Comments (0)