ബേക്കറി വഴി ഹോർട്ടി വൈൻ വിൽപന; അനുമതിയിൽ കടുത്ത അതൃപ്തിയുമായി സർക്കാർ, ലൈസൻസ് റദ്ദാക്കും
ആലപ്പുഴ: സംസ്ഥാനത്തെ ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താൻ അനുമതി നൽകിയതിൽ കടുത്ത അതൃപ്തിയുമായി സർക്കാർ. സർക്കാരിന്റെ അറിവില്ലാതെയാണ് നടപടിയെന്നും ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി എം.ലിജു വ്യക്തമാക്കി. സംഭവത്തിൽ…
ആലപ്പുഴ: സംസ്ഥാനത്തെ ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താൻ അനുമതി നൽകിയതിൽ കടുത്ത അതൃപ്തിയുമായി സർക്കാർ. സർക്കാരിന്റെ അറിവില്ലാതെയാണ് നടപടിയെന്നും ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി എം.ലിജു വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
ഹോർട്ടി വൈൻ വിതരണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. വിൽപനയ്ക്ക് അനുമതി നൽകിയത് മുൻ സർക്കാരിന്റെ കാലത്ത് നൽകിയ അപേക്ഷയിലാണ്. ഇങ്ങനെ 15 ശതമാനം വീര്യമുള്ള വൈൻ ബേക്കറികളിൽ ലഭ്യമാക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ തലത്തിൽ യാതൊരുവിധ ചർച്ചയും നടത്തിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് നൽകിയതും പിന്നിലെ ഫയൽ നീക്കങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം ഉണ്ടായെന്നതിൽ വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായേക്കുമെന്നുമാണ് സൂചന.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിൽപനയ്ക്ക് അനുമതി നൽകിയിരുന്നതെന്നും നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമ്മിക്കാൻ ലൈസൻസുള്ളതെന്നുമാണ് വിവരം. കഴിഞ്ഞ ജൂൺ മാസത്തിലാണ് വിൽപനയ്ക്കുള്ള ലൈസൻസ് അനുവദിക്കപ്പെട്ടത്. അന്ന് എം.ആർ. അജിത് കുമാറായിരുന്നു എക്സൈസ് കമ്മീഷണർ. ആദ്യമായി തൃശൂർ ചാലക്കുടിയിലെ ഒരു ബേക്കറിക്കാണ് ലൈസൻസ് നൽകിയത്.
Comments (0)