മേപ്പയ്യൂരിൽ സ്കൂട്ടർ അപകടത്തിൽ പതിനാറുകാരൻ മരിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതിന് പിതാവിനെതിരെ കേസ്
മേപ്പയ്യൂർ: മേപ്പയ്യൂർ നരക്കോട് കുളങ്ങരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് പതിനാറുകാരൻ മരിച്ച സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. അപകടത്തിൽ മരണപ്പെട്ട അജൽ…
മേപ്പയ്യൂർ: മേപ്പയ്യൂർ നരക്കോട് കുളങ്ങരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് പതിനാറുകാരൻ മരിച്ച സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. അപകടത്തിൽ മരണപ്പെട്ട അജൽ പ്രവീണിന്റെ അച്ഛൻ പ്രവീൺ കുമാറിനെതിരെയാണ് മേപ്പയ്യൂർ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ ഗുരുതര വകുപ്പുകൾ പ്രകാരമാണ് നടപടി.ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതേത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിലെ മതിലിൽ ശക്തമായി ഇടിച്ചാണ് അപകടമുണ്ടായത്.പ്രവീൺ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 56 കെ. 0965 നമ്പറിലുള്ള സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജൽ പ്രവീണിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് വാഹന ഉടമ കൂടിയായ പിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments (0)