യുവ സംവിധായകൻ ലിജീഷ് ഉണ്ണിക്ക് ജനകീയ ദുരന്തനിവാരണ സേനയുടെ ആദരം

യുവ സംവിധായകൻ ലിജീഷ് ഉണ്ണിക്ക് ജനകീയ ദുരന്തനിവാരണ സേനയുടെ ആദരം

ജനകീയ ദുരന്തനിവാരണ സേന (JDNS) കുറ്റ്യാടിയുടെ പത്താം വാർഷികാഘോഷം അതിവിപുലമായി സംഘടിപ്പിച്ചു. ചടങ്ങ് വടകര എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നാദാപുരം എം.എൽ.എ. അഭിജിത്ത് എന്നിവർ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം പ്രമേയമാക്കിയ "പോരാട്ടം" സിനിമയുടെയും, വൃദ്ധരുടെ ജീവിതപ്രയാസങ്ങൾ ആവിഷ്കരിക്കുന്ന "കരുണം" സിനിമയുടെയും സംവിധായകനായ മരുതോങ്കര സ്വദേശിയായ ലിജീഷ് ഉണ്ണിയെ ആദരിച്ചു. JDNS ചെയർമാൻ ബഷീർ നാരായൺകോടിന്റെ സാന്നിധ്യത്തിൽ നാദാപുരം എം.എൽ.എ. അഭിജിത് ലിജീഷ് ഉണ്ണിക്ക് ഉപഹാരം സമ്മാനിച്ചു.

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പ്രമേയമാക്കിയ "പോരാട്ടം" സിനിമ സംസ്ഥാനത്തുടനീളം നൂറിലധികം വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിരവധി ചലച്ചിത്രമേളകളിൽ ഈ ചിത്രത്തിന് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ, മുൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രശസ്തിപത്രവും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

വൃദ്ധരുടെ ജീവിതത്തിലെ പ്രയാസങ്ങളും സാമൂഹിക അവഗണനയും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന "കരുണം" സിനിമ തൊട്ടിൽപ്പാലം, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട് ശ്രദ്ധ നേടിയിരുന്നു.

ചടങ്ങിൽ ലിജീഷ് ഉണ്ണിയുടെ സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്ര പ്രവർത്തനങ്ങളെ അതിഥികൾ അഭിനന്ദിക്കുകയും കൂടുതൽ മികച്ച സൃഷ്ടികൾക്ക് ആശംസകൾ നേർക്കുകയും ചെയ്തു.

Comments (0)